Saturday 3 March 2018

ലോല - പത്മരാജന്‍

                     
                                 Download PDF
 
എന്റെ പേര് അവളില്‍ വല്ലാത്ത അമ്പരപ്പാണുണ്ടാക്കിയത്.
'സംസ്‌കൃതത്തില്‍ ഒരു പേരോ?'
'അതെ.'
'നിങ്ങള്‍ സംസ്‌കൃതമാണോ സംസാരിക്കുക?'
'അല്ല.'
'പിന്നെ?'
'മലയാളഭാഷ സംസ്‌കൃതവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നു.'
'എന്നാലും-താമരയുടെ രാജാവ് എന്ന പേരുണ്ടോ?'
'താമരയുടെ രാജാവ്?' എനിക്ക് ലജ്ജ തോന്നി. ഞാന്‍ പറഞ്ഞു:
'ഞങ്ങള്‍ താമരയെ ആരാധിക്കുന്നു.'

അവള്‍ അല്പം ലജ്ജിക്കുന്നതായി കാണപ്പെട്ടു.
എന്തോ പറയാന്‍ ബദ്ധപ്പെടുന്നതു കണ്ട് ഞാന്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ അവള്‍ താമര ആരാധ്യവസ്തുവായിത്തീര്‍ന്നതെങ്ങനെയാണെന്നു ചോദിച്ചു.

വീട് നഷ്ടപ്പെട്ട കുട്ടി - ടി പത്മനാഭന്‍


വാതില്‍ ചാരി അമ്മ ധൃതിയില്‍ കോണിപ്പടിയിറങ്ങിപ്പോകുന്ന ശബ്ദം അവന്‍ കേട്ടു. ശബ്ദം കേള്‍ക്കുവാന്‍ വേണ്ടി അവന്‍ കാതോര്‍ത്തു നില്ക്കുകയായിരുന്നില്ല. എങ്കിലും അവന്റെ സമ്മതം കൂടാതെതന്നെ, നോവേല്പിക്കുന്ന ഒരു ചെറിയ മുള്ളുപോലെ ആ ശബ്ദം അവന്റെ മനസ്സില്‍ കടന്നുചെന്നു. അവന്‍ ചുണ്ടു കടിച്ച്, വരാന്തയുടെ അറ്റത്തുള്ള തൂണിന്റെ അരികില്‍ നിശ്ചലനായി, വേദനയടക്കി നിന്നു. വെളിച്ചം പരന്നു തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ഒരു ഞായറാഴ്ച രാത്രിയുടെ ആലസ്യത്തില്‍നിന്ന് കോളനി അപ്പോഴും പൂര്‍ണമായി മുക്തമായിരുന്നില്ല. എങ്കിലും പാല്‍ക്കാരുടെയും ഉന്തുവണ്ടികളില്‍ വില്ക്കാന്‍ കൊണ്ടുവരുന്നവരുടെയും ശബ്ദം അകലെനിന്ന് കേള്‍ക്കാമായിരുന്നു. രാത്രി പെയ്ത മഴയില്‍ നനഞ്ഞു കിടക്കുന്ന മരച്ചില്ലകളില്‍നിന്ന് വണ്ണാത്തിപ്പുള്ളുകള്‍ പാടുന്നുണ്ടായിരുന്നു... സാധാരണയായി എല്ലാ പുലര്‍ച്ചകളിലും വണ്ണാത്തിപ്പുള്ളിന്റെ പാട്ടു കേള്‍ക്കാനായി അവന്‍ ചെവിടോര്‍ത്തു നില്ക്കാറുണ്ടായിരുന്നു. പക്ഷേ, ഇന്ന് എന്തോ അവന് ഒരു താത്പര്യവും തോന്നിയില്ല. മൂന്നാമത്തെ നിലയിലുള്ള അവന്റെ ഫ്‌ളാറ്റിലെ കൊച്ചു വരാന്തയില്‍നിന്നു നോക്കിയാല്‍ ലോകം മുഴുവന്‍ കാണാമായിരുന്നു. അകലെയുള്ള കുന്നുകള്‍ കുന്നുകളുടെ ചരിവിലെ കാടുകള്‍, രാവിലെ താഴ്‌വരയിലെ പാടത്തുനിന്ന് ഉയര്‍ന്നുവരുന്ന വെളുത്ത മഞ്ഞ്, മഞ്ഞിന്റെ മറയിലൂടെ പതുക്കെ പ്രഭാതരശ്മികള്‍ കടത്തുന്ന സൂര്യന്‍. ഇതൊക്കെ എന്നും അവനെ ആകര്‍ഷിച്ചുപോന്നിരുന്ന കാഴ്ചകളായിരുന്നു. പക്ഷേ, ഇന്ന് അവന്‍ അതൊന്നും കാണുകയുണ്ടായില്ല. വരാന്തയുടെ അറ്റത്തുള്ള തൂണിന്റെ അരികില്‍ അവന്‍ അസ്വസ്ഥനായി നിന്നു.

പക്ഷിയുടെ മണം - മാധവിക്കുട്ടി


                          DOWNLOAD PDF
 
കല്‍ക്കത്തയില്‍ വന്നിട്ട്‌ ഒരാഴ്‌ച കഴിഞ്ഞപ്പോഴാണ്‌ അവള്‍ ആ പരസ്യം രാവിലെ വര്‍ത്തമാനക്കടലാസില്‍ കണ്ടത്‌: `കാഴ്‌ചയില്‍ യോഗ്യതയും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇന്‍ചാര്‍ജ്ജായി ജോലി ചെയ്യുവാന്‍ ആവശ്യമുണ്ട്‌. തുണികളുടെ നിറങ്ങളെപ്പറ്റിയും പുതിയ ഡിസൈനുകളെപ്പറ്റിയും ഏകദേശ വിവരമുണ്ടായിരിക്കണം. അവനവന്റെ കൈയ്യക്ഷരത്തില്‍ എഴുതിയ ഹരജിയുമായി നേരിട്ട്‌ ഞങ്ങളുടെ ഓഫീസിലേക്ക്‌ വരിക.'
ജനത്തിരക്കുള്ള ഒരു തെരുവിലായിരുന്നു ഓഫീസിന്റെ കെട്ടിടം. അവള്‍ ഇളം മഞ്ഞനിറത്തിലുള്ള ഒരു പട്ടുസാരിയും തന്‍െറ വെളുത്ത കൈസഞ്ചിയും മറ്റുമായി ആ കെട്ടിടത്തിലെത്തിയപ്പോള്‍ നേരം പതിനൊന്നു മണിയായിരുന്നു. അത്‌ ഏഴു നിലകളും ഇരുന്നൂറിലധികം മുറികളും വളരെയധികം വരാന്തകളുമുള്ള ഒരു കൂറ്റന്‍ കെട്ടിടമായിരുന്നു. നാല്‌ ലിഫ്‌ടുകളും. ഓരോ ലിഫ്‌റ്റിന്റേയും മുമ്പില്‍ ഓരോ ജനക്കൂട്ടവുമുണ്ടായിരുന്നു. തടിച്ച കച്ചവടക്കാരും തോല്‍സഞ്ചി കൈയ്യിലൊതുക്കിക്കൊണ്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍മാരും മറ്റുംമറ്റും. ഒരൊറ്റ സ്‌ത്രീയെയും അവള്‍ അവിടെയെങ്ങും കണ്ടില്ല. ധൈര്യം അപ്പോഴേക്കും വളരെയധികം ക്ഷയിച്ചു കഴിഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിന്റെ അഭിപ്രായം വകവയ്‌ക്കാതെ ഈ ഉദ്യോഗത്തിന്‌ വരേണ്ടിയിരുന്നില്ലയെന്നും അവള്‍ക്കു തോന്നി. അവള്‍ അടുത്തു കണ്ട ഒരു ശിപായിയോടു ചോദിച്ചു.

Tuesday 27 February 2018

പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി - ടി. പത്മനാഭന്‍


വരിവരിയായി നില്‍ക്കുന്ന കാറ്റാടി മരത്തിലൊന്നിന്റെ ചുവട്ടിലാണ് ഞാനിരിക്കുന്നത്. എന്റെ മുമ്പില്‍ ഇടിഞ്ഞുപൊളിഞ്ഞ ഒരു കോട്ടയാണ് . കടലിലേക്കു തള്ളിനില്ക്കുന്ന ഒരു പാറമേലാണ് കോട്ട. ആര് പണിതുവെന്നോ എപ്പോള്‍ പണിതുവെന്നോ ഒന്നും എനിക്കു നിശ്ചയമില്ല. ഒരുപക്ഷേ, ഈ ഭൂമി ഉണ്ടായനാള്‍ മുതല്‍ക്കേ ഈ കോട്ടയും ഇവിടെ ഉണ്ടായിരിക്കാം. എന്റെ ചെറുപ്പത്തില്‍ എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. ഇന്നും അങ്ങനെ തോന്നുന്നു.
ഓര്‍മവെച്ച നാള്‍ മുതല്‍ക്കേ ഞാന്‍ ചുറ്റിത്തിരിയാന്‍ തുടങ്ങിയിരിക്കയാണ്. അനുഭവങ്ങളുടെ വിഴുപ്പുഭാണ്ഡവും പേറി ജീവിതത്തിന്റെ ദുര്‍ഗമങ്ങളായ വഴികളിലൂടെ ഞാന്‍ സഞ്ചരിക്കുന്നു. പലനാടും കണ്ടു: പലരുമായും ഇടപഴകി . പക്ഷെ, അസ്വസ്ഥമായ എന്റെ മനസ്സിനു സമാധാനം ലഭിച്ചുവോ?
ഇല്ല !
എങ്കിലും ഈ പഴയ നഗരത്തിലേക്കു തിരിച്ചു വരുമ്പോഴോക്കെ എന്തെന്നില്ലാത്ത ഒരാശ്വാസം എനിക്കു ലഭിക്കാറുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പു ഞാന്‍ വിട്ടുപിരിഞ്ഞ എന്റെ അമ്മയാണ് ഈ നഗരം. ഇവിടത്തെ ഇടുങ്ങിയ തെരുവുകളും വലിയ മൈതാനവും അമ്പലവും പള്ളിയും എല്ലാറ്റിനുമുപരിയായി ഈ ഇടിഞ്ഞു പൊളിഞ്ഞ കോട്ടയും എന്റെ സ്വന്തമാണെന്ന് എനിക്കുതോന്നുന്നു.
ഇവിടത്തെ ഓരോ മണല്‍ത്തരിയും എനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് .ഇവിടെ വച്ചാണ് ഞാന്‍ ഒരു കൊല്ലം മുന്‍പ് ഒരു പുതിയ മനുഷ്യനായതും .
മറയാന്‍പോകുന്ന സൂര്യന്റെ രശ്മികള്‍ കാറ്റാടിയുടെ തൂങ്ങിക്കിടക്കുന്ന ചില്ലകളിലൂടെ കടന്നു വരുമ്പോള്‍ ആളുകള്‍ കടല്‍ക്കരയില്‍നിന്നു മടങ്ങുകയായിരുന്നു. കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. ഉള്ളവരിലധികവും പ്രായംകൂടിയവരായിരുന്നുതാനും. മഞ്ഞുവീഴുന്നതിനു മുന്‍പേ വീട്ടിലെത്തണമെന്ന നിര്‍ബന്ധത്തോടെയാണ് അവര്‍ നടന്നിരുന്നത്. കഴുത്തില്‍ മഫ്ലര്‍ ചുറ്റിക്കെട്ടി വലിയ ചൂരല്‍വടികള്‍ ചുഴറ്റിക്കൊണ്ട് അവര്‍ എന്നെ കടന്നുപോയി. ചെറുപ്പക്കാര്‍ക്ക് ഒരു ബദ്ധപ്പാടും കണ്ടില്ല. കൈകോര്‍ത്തുപിടിച്ചും, തോളോടുതോളുരുമ്മിയും അവര്‍ പതുക്കെ നടന്നകന്നപ്പോള്‍ എന്തുകൊണ്ട് ഇരുട്ട് വേഗം പരക്കുന്നില്ല എന്ന വിഷാദമേ അവര്‍ക്കുള്ളൂവെന്ന് എനിക്കുതോന്നി.
അവരാരുംതന്നെ എന്നെ ശ്രദ്ധിച്ചില്ല. പക്ഷെ, ഞാന്‍ അവരെ സൂക്ഷിക്കുന്നുണ്ടായിരുന്നു. കുറെ മുമ്പായിരുന്നുവെങ്കില്‍ ഞാന്‍ അവരെ നോക്കി അസൂയപ്പെട്ടേനെ. ഒരു നെടുവീര്‍പ്പോടെ പറഞ്ഞുവെന്നും വരും :
"
ആഹ്ലാദിക്കാന്‍ മാത്രം പിറന്ന ഭാഗ്യശാലികള്‍!"
ആഹ്ലാദം !
എനിക്കു ചിരിവരുന്നു.

Sunday 25 February 2018

പയ്യന്‍ കഥകള്‍ : കേണല്‍ - വി കെ എന്‍

വെള്ളപ്പൊക്കത്തില്‍ - തകഴി


നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍ , പട്ടി, പൂച്ച ആട്, കോഴി മുതലായ വളര്‍ത്തു മൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല

ചേന്നപ്പറയന്‍ ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തില്‍ത്തന്നെ നില്ക്കുന്നു. അവനു വള്ളമില്ല. അവന്റെ തമ്പുരാന്‍ മൂന്നായി, പ്രാണനും കൊണ്ടു കരപറ്റിയിട്ട്. ആദ്യം പുരയ്ക്കകത്തേക്കു വെള്ളം എത്തിനോക്കിത്തുടങ്ങിയപ്പോഴേ മടലും കമ്പുംകൊണ്ടു തട്ടും പരണം കെട്ടിയിരുന്നു. വെള്ളം പെട്ടെന്നിറങ്ങുമെന്നു കരുതി രണ്ടു ദിവസം അതില്‍ കുത്തിയിരുന്നു കഴിച്ചുകൂട്ടി. കൂടാതെ നാലഞ്ചു വാഴക്കുലയും തുറുവും കിടക്കുന്നു. അവിടെ നിന്നും പോയാല്‍ അവയെല്ലാം ആണുങ്ങള്‍ കൊണ്ടുപോകയും ചെയ്യും.
ഇപ്പോള്‍ തട്ടിന്റെയും പരണിന്റെയും മുകളില്‍ മുട്ടറ്റം വെള്ളമുണ്ട്. മേല്‍ക്കൂരയുടെ രണ്ടുവരി ഓല വെള്ളത്തിനടിയിലാണ്. അകത്തു കിടന്നു ചേന്നന്‍ വിളിച്ചു. ആരു വിളികേള്‍ക്കും? അടുത്താരുണ്ട്? ഗര്‍ഭിണിയായ ഒരു പറച്ചി, നാലു കുട്ടികള്‍, ഒരു പൂച്ച, ഒരു പട്ടി ഇത്രയും ജീവികള്‍ അവനെ ആശ്രയിച്ചിട്ടുമുണ്ട്. പുരയ്ക്കു മുകളില്‍ക്കൂടി വെള്ളം ഒഴുകാന്‍ മുപ്പതുനാഴിക വേണ്ടെന്നും, തന്റെയും കുടുംബത്തിന്റെയും അവസാനമടുത്തുവെന്നും അവന്‍ തീര്‍ച്ചപ്പെടുത്തി. ഭയങ്കരമായ മഴ തോര്‍ന്നിട്ടു മൂന്നു ദിവസമായി കൂരയുടെ ഓല പൊളിച്ചു ചേന്നന്‍ ഒരു കണക്കില്‍ പുറത്തിറങ്ങി നാലുചുറ്റിനും നോക്കി. വടക്ക് ഒരു കെട്ടുവള്ളം പോകുന്നു. അത്യുച്ചത്തില്‍ ചേന്നപ്പറയന്‍ വള്ളക്കാരെ കൂകിവിളിച്ചു. വള്ളക്കാര്‍ക്ക്, ഭാഗ്യംകൊണ്ടു കാര്യം മനസ്സിലായി. അവര്‍ വള്ളം കൊട്ടിലിനുനേര്‍ക്കു തിരിച്ചു. കിടാങ്ങളെയും, പെണ്ണാളിനെയും, പട്ടിയെയും, പൂച്ചയെയും പുരയുടെ വാരിക്കിടയില്‍ക്കൂടി ഓരോന്നായി ചേന്നന്‍ വലിച്ചു വെളിയിലിട്ടു. അപ്പോഴേക്കു വള്ളവും വന്നടുത്തു.

കിടാങ്ങള്‍ വള്ളത്തില്‍ കയറിക്കൊണ്ടിരിക്കയാണ്. 'ചേന്നച്ചോ, പുഹേയ്!' പടിഞ്ഞാറുനിന്നരോ വിളിക്കുന്നു. ചേന്നന്‍ തിരിഞ്ഞുനോക്കി. 'ഇങ്ങാ വായോ!' അതു മടിയത്തറ കുഞ്ഞേപ്പനാണ്. അവന്‍ പുരപ്പറത്തു നിന്നു വിളിക്കുകയാണ്. ധിറുതിപ്പെട്ടു പെണ്ണാളിനെ പിടിച്ചു വള്ളത്തില്‍ കയറ്റി. അത്തക്കത്തിനു പൂച്ചയും വള്ളത്തില്‍ ചാടിക്കയറി. പട്ടിയുടെ കാര്യം ആരും ഓര്‍ത്തില്ല. അത്, പുരയുടെ പടിഞ്ഞാറെ ചരുവില്‍, അവിടെയും ഇവിടെയും മണപ്പിച്ചു നടക്കുകയാണ്.

വള്ളം നീങ്ങി; അതകലെയായി.

Saturday 24 February 2018

കാറ്റ് പറഞ്ഞ കഥ – ഒ വി വിജയന്‍



പാലക്കാട്ടു നിന്ന്‌ കോയമ്പത്തൂര്‍ നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി അവിടെ നിന്ന്‌ മണ്‍താരയിലൂടെ ചുരപ്രദേശങ്ങളിലേക്ക്‌ തിരിഞ്ഞു. പരുക്കനായ വാടക ജീപ്പിനു പോലും സഞ്ചരിയ്‌ക്കാന്‍ പറ്റിയതായിരുന്നില്ല, ആ വെട്ടു വഴി. എങ്കിലും ഈ യാത്രയില്‍, പത്തു വര്‍ഷത്തിനുശേഷം ഉള്ള രണ്ടാമത്തെ യാത്രയായിരുന്നു ഇത്‌, തെയ്യുണ്ണി ആരേയും പഴി പറഞ്ഞില്ല.
``
കുണ്ടാണ്‌.'' മുന്നില്‍ക്കിടന്ന വെട്ടുവഴിയിലേക്ക്‌ കണ്‍പായ്‌ച്ചുകൊണ്ട്‌ ഡ്രൈവര്‍ പറഞ്ഞു.
``
ഇവടെ നിര്‍ത്തണമെങ്കില്‍ നിര്‍ത്തിക്കോളൂ.'' തെയ്യുണ്ണി പറഞ്ഞു. ``ഞാന്‍ നടന്നുകൊള്ളാം.''
ബാക്കി വഴി ഏതാണ്ട്‌ രണ്ടു നാഴികയാണ്‌. വിമാനത്താവളം വരെ കാറിലും, വീണ്ടും വിമാനത്താവളത്തില്‍ നിന്ന്‌ പഞ്ചനക്ഷത്ര ഹോട്ടലിലേയ്‌ക്കും മാത്രം സഞ്ചരിച്ചു ശീലിച്ച തെയ്യുണ്ണിക്ക്‌ ആ കാല്‍നടയോട്‌ അപ്രീതി തോന്നിയില്ല.
``
വേണ്ട. പതുക്കെ പൂവാം, പിടിച്ചിരുന്നാല്‍ മതി.''
``
ശരി.''
മേടും പള്ളവും നിറഞ്ഞ ആ വഴിയിലൂടെ ജീപ്പ്‌ സശ്രദ്ധം സഞ്ചരിച്ചു. വന്യമായ ആ മലയടിവാരത്തിലേക്ക്‌ തെയ്യുണ്ണി ആദ്യമായി കണ്ണും കാതും തുറന്നു. മലയില്‍ ആറ്റിത്തണുപ്പിച്ച വെയില്‌. ചുരത്തിലൂടെ മലവെള്ളം പോലെ ആര്‍ത്തിരമ്പി പാലക്കാട്ടേയ്‌ക്ക്‌ വീശുന്ന കിഴക്കന്‍ കാറ്റ്‌.
``
ബടത്തെ മരൊക്കെ പോയി, അല്ലേ, ഡ്രൈവറേ?'' തെയ്യുണ്ണി ചോദിച്ചു.
``
ഒക്കെ വെട്ടി. ബടെ കാടായിരുന്നു. ഒര്‌ അഞ്ചു കൊല്ലം മുമ്പു വരെ. ആനയെറങ്ങും.''
അതെ, കഴിഞ്ഞ പ്രാവശ്യം താന്‍ വന്നപ്പോള്‍ ഈ വെട്ടുവഴിയുടെ ഇരുവശവും കൂറ്റന്‍ മരങ്ങളായിരുന്നു. തനിയ്‌ക്ക്‌ പേരറിയാതിരുന്ന കാട്ടുമരങ്ങള്‍. അവയുടെ മേലാപ്പുകളില്‍ നിന്ന്‌ ചീവീടുകളുടെ അക്ഷൗഹിണികള്‍ കിലുങ്ങിച്ചിലമ്പി. ആ യാത്രയെ തെയ്യുണ്ണി ഓര്‍മ്മിച്ചു. യൂറോപ്പിലൂടെ പര്യടനം നടത്തി ബോംബെയില്‍ തിരിച്ചെത്തിയ തന്നെ സ്വീകരിക്കാന്‍ വന്ന ഭാര്യ വിമാനത്താവളത്തില്‍ വെച്ചേ അറിയിച്ചു, ``നാട്ടില്‍നിന്ന്‌ ഒരു കത്തുണ്ട്‌, കൈപ്പട കണ്ടിണ്ട്‌ ഏട്ടന്റെയാണെന്നു തോന്നുന്നു.''
``
എന്താണാവോ വിശേഷം? നീ കത്തു പൊളിച്ചില്ലേ, ഫീബീ?''
``
ഞാനങ്ങനെ ചെയ്യാറില്ലല്ലോ.''

Friday 23 February 2018

പൂവമ്പഴം -കാരൂര്‍



ഞങ്ങളുടെ വീടിന്റെ തൊട്ടുകിഴക്കേത്‌ ഒരു വലിയ ജന്മിയുടെ മനയാണ്‌. ഞങ്ങള്‍ അവരെ ആശ്രയിച്ചും സേവിച്ചുമാണു കഴിയുന്നത്‌. ഞങ്ങള്‍ പരസ്‌പരം ഉപകാരികളാണെന്നു പറഞ്ഞാല്‍ ഒരുതരത്തില്‍ ശരിയായിരിക്കും. അവര്‍ യജമാനന്മാരും ഞങ്ങള്‍ ഭൃത്യരും. മനയ്‌ക്കല്‍ എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ – പുറന്നാള്‍, ഉണ്ണിയൂണ്‌, വേളി, പിണ്ഡം എന്തെങ്കിലും – അന്നു ഞങ്ങളുടെ വീട്ടില്‍ തീ കത്തിച്ചിട്ടാവശ്യമില്ല. തിരുവാതിരയായാല്‍ മറ്റെവിടെ കൈകൊട്ടിക്കളയുണ്ടായാലും എന്റെ വീട്ടിലെ സ്‌ത്രീകള്‍ മനയ്‌ക്കലേ പോകൂ. ഞങ്ങള്‍ കുട്ടികള്‍, മാമ്പഴമുളള കാലത്തു മനയക്കലേ മാഞ്ചുവട്ടില്‍ മാടംവെച്ചു കളിക്കയും മാമ്പഴം പെറുക്കുകയും ചെയ്യും. അവിടത്തെ മുറ്റത്തുള്ള മരത്തിലാണു ഞങ്ങള്‍ ഓണക്കാലത്ത്‌ ഊഞ്ഞാലിടാറുളളത്‌. അങ്ങനെ പറയേണ്ട, ആ മന ഞങ്ങള്‍ക്ക്‌ വീട്ടിലും ഉപരിയാണ്‌.
അവിടെ എന്റെ പ്രായത്തിലൊരു ഉണ്ണിയുണ്ടായിരുന്നു – വാസുക്കുട്ടന്‍. ഞങ്ങള്‍ വലിപ്പച്ചെറുപ്പവിചാരമില്ലാത്ത ചങ്ങാതികളായിരുന്നു. പിരിയാത്ത കൂട്ടുകാര്‍. കഷ്‌ടം! ആ ഉണ്ണി മൂന്നുകൊല്ലം മുമ്പു മരിച്ചുപോയി.
അതിന്റെ അമ്മ അതെങ്ങനെ സഹിച്ചോ! ഭര്‍ത്താവു മരിച്ചതില്‍പ്പിന്നെ ആ സ്‌ത്രീയുടെ ആശാകേന്ദ്രം ആ ബാലനായിരുന്നു. പത്തുകൊല്ലക്കാലം ആ വിധവ അനുഭവിച്ച ദുഃഖങ്ങള്‍ക്കിടയ്‌ക്കു കാണാറുള്ള മധുരസ്വപ്‌നങ്ങള്‍ അങ്ങനെ അവസാനിച്ചു, മൂന്നു കൊല്ലങ്ങള്‍ക്കുമുമ്പ്‌.
ആ അന്തര്‍ജനത്തിന്‌ ഇങ്ങനെയൊന്നും വരേണ്ടതല്ല. അവരെ പരിചയമുള്ളവര്‍, അവരുടെ വര്‍ത്തമാനം കേട്ടിട്ടുള്ളവര്‍, ആഗ്രഹിക്കും അവര്‍ക്കു നന്മ വരണമെന്ന്‌. അവരെ ഒരിക്കല്‍ കണ്ടിട്ടുള്ളവര്‍ ഒരുത്തരും കണ്ണീര്‍ പൊഴിക്കാതിരിക്കയില്ല, അവരുടെ ഇന്നത്തെ നില അറിഞ്ഞാല്‍. എന്താണവര്‍ക്കൊരു സുഖമുള്ളത്‌? എന്തിനാണ്‌ അവര്‍ ഇനി ജീവിച്ചിരിക്കുന്നത്‌?
അവരുടെ പേര്‌ ഉണ്ണിമാ എന്നോ നങ്ങയ്യ എന്നോ ഏതാണ്ടാണ്‌ എന്നാലും അയല്‍പക്കത്തുള്ള പെണ്ണുങ്ങള്‍ അവര്‍ക്കു കൊടുത്തിരിക്കുന്നത്‌ ‘പൂവമ്പഴം’ എന്നൊരു പേരാണ്‌. ആക്ഷേപിച്ചു പറയുന്നതല്ല. അവരുടെ മാതൃഗൃഹം പൂവമ്പഴ എന്നൊരു സ്‌ഥലത്താണ്‌. അതില്‍നിന്നിങ്ങനെ ഒരു പേര്‌ പ്രചാരത്തിലായി. അവര്‍ക്കാ പേരാണു ചേരുന്നതും വെളുത്തു ചുവന്നു മെഴുത്തിട്ടാണവര്‍.

ഫോട്ടോ - എം മുകുന്ദന്‍


                     അവതരണം - സി കെ പ്രേം കുമാര്‍

ജീവിതചര്യ - പത്മരാജന്‍


                        അവതരണം - അനന്ത പത്മനാഭന്‍

Wednesday 21 February 2018

ഭൂമിയുടെ അവകാശികള്‍ - വൈക്കം മുഹമ്മദ് ബഷീര്‍

  വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികള്‍. സകല ജീവികള്‍ക്കും ഭൂമിയില്‍ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഈ കഥയിലൂടെ ഇദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷ്യന് ഭൂമിയുടെ മേല്‍ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങളോടുള്ള ബഷീറിന്റെ അതൃപ്തിയും ഈ കൃതിയില്‍ ദര്‍ശിക്കാവുന്നതാണ്.

                        PDF Download 
https://drive.google.com/open?id=1Vuac3Tssv8-Z4GYCtfwrYxzw458y8kgP


Tuesday 20 February 2018

അഴകനും പൂവാലിയും - കാരൂര്‍

നെയ്പ്പായസം - മാധവിക്കുട്ടി


ചുരുങ്ങിയ തോതില്‍ ശവദഹനം കഴിച്ചുകൂട്ടി,ഓഫീസിലെ സ്നേഹിതന്‍മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ചു,രാത്രി വീട്ടിലേക്കു മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛന്‍ എന്ന് വിളിക്കാം.കാരണം,ആ പട്ടണത്തില്‍ അയാളുടെ വില അറിയുന്നവര്‍ മൂന്നു കുട്ടികള്‍ മാത്രമേയുള്ളൂ.അവര്‍ അയാളെ ‘അച്ഛാ’ എന്നാണു വിളിക്കാറുള്ളത്.
ബസ്സില്‍ അപരിചിതരുടെയിടയില്‍ ഇരുന്നുകൊണ്ട് അയാള്‍ ആ ദിവസത്തിനെ,ഓരോ നിമിഷങ്ങളും വെവ്വേറെയെടുത്ത് പരിശോധിച്ചു.
രാവിലെ എഴുന്നേറ്റത് തന്നെ അവളുടെ ശബ്ദം കേട്ടിട്ടാണ്.
‘മൂടിപ്പൊതച്ച് കെടന്നാപ്പറ്റ്വോ ഉണ്ണ്യേ?ഇന്ന് തിങ്കളാഴ്ചയല്ലേ?’- അവള്‍ മൂത്തമകനെ ഉണര്‍ത്തുകയായിരുന്നു.അതിനു ശേഷം ഉലഞ്ഞ വെള്ളസാരിയുടുത്ത് ,അവള്‍ അടുക്കളയില്‍ ജോലി തുടങ്ങി.തനിക്ക് ഒരു വലിയ കോപ്പയില്‍ കാപ്പി കൊണ്ടുവന്നു തന്നു.പിന്നെ?...പിന്നെ,എന്തെല്ലാമുണ്ടായി?മറക്കാന്‍ പാടില്ലാത്ത വല്ല വാക്കുകളും അവള്‍ പറഞ്ഞുവോ?എത്ര തന്നെ ശ്രമിച്ചിട്ടും,അവള്‍ പിന്നീടുപറഞ്ഞതൊന്നും ഓര്‍മ്മ വരുന്നില്ല.’മൂടിപ്പൊതച്ച് കെടന്നാപ്പറ്റ്വോ?ഇന്ന് തിങ്കളാഴ്ചയല്ലേ?’ ആ വാക്യം മാത്രം മായാതെ ഓര്‍മയില്‍ കിടക്കുന്നു.അത് ഒരു ഈശ്വരനാമമെന്നപോലെ അയാള്‍ മന്ത്രിച്ചു.അതു മറന്നുപോയാല്‍ തന്‍റെ നഷ്ടം പെട്ടെന്ന് അസഹനീയമായിത്തീരുമെന്ന് അയാള്‍ക്കു തോന്നി.

കോലാട് - മാധവിക്കുട്ടി

https://drive.google.com/open?id=1OULsUoxNZra3meZQ1dlK31aiv-OJmE5E


                                                     കഥ കേള്‍ക്കാം
പഠിപ്പും പരിഷ്‌കാരവുമില്ലാതെ, കുടുംബത്തിനുവേണ്ടി, പകലന്തിയോളം ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീയുടെ അവസ്ഥ പറയുന്ന കഥയാണ് മാധവിക്കുട്ടിയുടെ കോലാട്. ......

Read more at: http://www.mathrubhumi.com/books/podcast/audio-story-koladu-malayalam-news-1.147

വീണ്ടും രണ്ടു മത്സ്യങ്ങള്‍ - അംബികാസുതൻ മാങ്ങാട്

രണ്ട് മത്സ്യങ്ങള്‍ക്ക് വീണ്ടും വഴിതെറ്റി. വഴിതെറ്റി എന്നു പറഞ്ഞുകൂടാ. വഴികള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. എല്ലായിടത്തും ഭീമാകാരമായ, വായപിളര്‍ന്ന പാറ മടകള്‍ മാത്രം. ദംഷ്ട്രകള്‍ പോലെ എറിച്ചുനിന്ന കൂര്‍ത്ത കരിങ്കല്ലുകള്‍. ചുടുകാടിനെ ഓര്‍മിപ്പിക്കുന്ന കറുത്ത മണ്ണ്.
       ഇടവപ്പാതി കനിഞ്ഞതേയില്ല. ഇടവപ്പാതിയുടെ അന്ത്യമാണോ തുലാവര്‍ഷത്തിന്റെ തുടക്കമാണോ എന്നറിയാത്തവിധം ചാറ്റിയമഴ നനവിലൂടെയാണ് അഴകനും പൂവാലിയും സഞ്ചരിച്ചത്.
     ''നോക്കൂ'', ദൂരെനിന്ന് ദിനോസറുകളെപ്പോലെ ജാഥയായി വരുന്ന മണ്ണുമാന്തിയന്ത്രങ്ങളുടെ നേര്‍ക്ക് അഴകന്‍ കണ്ണയച്ചു. ശത്രുരാജ്യത്തോട് യുദ്ധംചെയ്യാന്‍ ഒരുങ്ങിയിറങ്ങിയ സൈന്യം പോലെ ഒരു കാഴ്ച.
    പൂവാലിക്ക് ഭയമായി: ''അയ്യോ, നമുക്ക് ഇവിടെനിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടണം''. മത്സ്യങ്ങള്‍ കുതിച്ചു.  യന്ത്രദിനോസറുകള്‍ മറ്റൊരു ഭാഗത്തുകൂടെ ഉരുണ്ട് പോയി. മീനുകള്‍ യാത്രതുടര്‍ന്ന് പാറക്കെട്ടുകളിലൂടെ സഞ്ചരിച്ച് വയലുകളുടെ നിരപ്പിലേക്കിറങ്ങി.
      വയലുകളിലെ സസ്യങ്ങളെല്ലാം  വെയിലില്‍ കത്തിക്കരിഞ്ഞിരുന്നു. മഴനനഞ്ഞ ചെടികള്‍ക്കിടയിലൂടെ മീനുകള്‍ മുന്നോട്ടുപോയി. ഒരു കൂവലിലുണ്ടായിരുന്ന മഴവെള്ളത്തില്‍ ഇത്തിരിനേരം വിശ്രമിച്ചു. കറുത്ത് കരിവാളിച്ച ഒരു മനുഷ്യന്‍ വയലിലേക്ക് കാലുകള്‍ നീട്ടിവെച്ച് വരമ്പില്‍ ഏകാകിയായി ഇരിക്കുന്നതുകണ്ട് മത്സ്യങ്ങള്‍ പ്രതീക്ഷയോടെ അങ്ങോട്ട് നീങ്ങി.  പൂവാലി ചോദിച്ചു: ''അല്ലയോ മനുഷ്യാ, ഞങ്ങള്‍ക്ക് ശൂലാപ്പ് കാവിലേക്കുള്ള വഴി പറഞ്ഞുതരാമോ?''

Monday 19 February 2018

പ്രാണവായു - അംബികാസുതന്‍ മാങ്ങാട്‌

          
           
                                പ്രാണവായു - അംബികാസുതന്‍ മാങ്ങാട്‌
കോളിങ്‌ബെല്ലുയര്‍ന്നപ്പോള്‍ അനീഷ ഓടിച്ചെന്ന് വാതില്‍തുറന്നു. വരുണിന്റെ കൈകള്‍ ശൂന്യമെന്ന് കണ്ട് നിരാശയോടെ അവള്‍ ചോദിച്ചു: ''ഒരു കിറ്റുപോലും കിട്ടിയില്ലേ?''
വരുണ്‍ ഇല്ലെന്നു തലയാട്ടി. ദുസ്സഹമായ ഭീതി അയാളുടെ കണ്ണുകളില്‍ നീറിനിന്നിരുന്നു. ഒന്നും മിണ്ടാതെ അയാള്‍ ഉള്ളിലേക്ക് നടന്നു.
ഷൂസ് ഊരാന്‍ മിനക്കെടാതെ കിടക്കയിലേക്ക് തളര്‍ന്നുകിടന്നു. അരികില്‍ ചെന്നിരുന്ന് അനീഷ ഷൂസ് ഊരിയെടുത്തു.
ശബ്ദം സ്വാഭാവികമാക്കാന്‍ ശ്രമിച്ചുകൊണ്ട് വരുണ്‍ ആരാഞ്ഞു:
''കുട്ടികളെവിടെ?''
''രണ്ടുപേരും സ്റ്റഡിറൂമിലുണ്ട്.
പരീക്ഷക്കിനി ദിവസം നാലേയുള്ളു.''മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന്
വരുണിന് തോന്നി. ''അനീഷാ, ഞാന്‍ നഗരം മുഴുവന്‍ അലഞ്ഞു.
ഒരു ഓക്‌സിജന്‍ ബൂത്ത്‌പോലും തുറന്നിട്ടില്ല. പലേടത്തും ആള്‍ക്കൂട്ടം
ബൂത്തുകള്‍ തകര്‍ത്തിട്ടിരിക്കുകയാണ്. ഓക്‌സിജന്‍ കിറ്റുകള്‍ തട്ടിയെടുക്കാന്‍... ഓക്‌സിജന്‍ തീര്‍ന്നുപോയ
കുറേ മനുഷ്യര്‍ റോഡരികിലും ബൂത്തിനരികിലുമൊക്കെ വീണുകിടക്കുന്നുണ്ട്. അന്തരീക്ഷത്തിലെ മലിനവായു ശ്വസിച്ച് ആസ്ത്മാ രോഗികളെപ്പോലെ പിടയുന്നവര്‍! ശരിക്കും കരയില്‍ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെ... ഹോ!''

നിന്റെ ഓര്‍മ്മയ്ക്ക്‌ - എം ടി വാസുദേവന്‍ നായര്‍

നിന്റെ ഓര്‍മ്മയ്ക്ക്‌ - എം.ടി. വാസുദേവന്‍ നായര്‍




ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി
ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ പറഞ്ഞുകൊള്ളട്ടെ. അവള്‍ എന്റെ സഹോദരിയാണ്‌!
ഈ വസ്‌തുത അറിയുന്ന വ്യക്തികള്‍ ലോകത്തില്‍ വളരെ കുറച്ചേ ഉള്ളൂ.
ലീലയെക്കുറിച്ച്‌ ഓര്‍ക്കാന്‍ കാരണം പെട്ടിക്കടിയില്‍ നിന്ന്‌ കണ്ടുകിട്ടിയ റബ്ബര്‍ മൂങ്ങയാണ്‌. റദ്ദുചെയ്‌ത ഷര്‍ട്ടും മുണ്ടും പഴയ കടലാസുകളും ഇട്ട പെട്ടിക്കകത്ത്‌ ഇന്നൊരു പരിശോധന നടത്തി. നോക്കുമ്പോഴുണ്ട്‌ ആ പഴയ റബ്ബര്‍ മൂങ്ങ കിടക്കുന്നു. അതിന്റെ നിറം മങ്ങി ആകര്‍ഷകത്വമില്ലാതായിട്ടുണ്ട്‌. സ്‌ഫടികം കൊണ്ടുണ്ടാക്കിയ കണ്ണുകള്‍ മാത്രം മങ്ങിയിട്ടില്ല.
ഒരു കാലത്ത്‌ അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അതിന്റെ ഉടമസ്ഥനായതില്‍ അഭിമാനിച്ചിരുന്നു. വളരെ വളരെ കൊതിച്ചുകിട്ടിയതാണ്‌. അതു സഞ്ചിയില്‍ വച്ചുകൊണ്ട്‌ സ്‌കൂളില്‍ ചെന്നു കയറിയപ്പോള്‍ ഞാന്‍ സ്വയം ഒന്നുയര്‍ന്നപോലെ തോന്നി. കാരണം എന്റെ സഞ്ചിക്കകത്ത്‌ വിലപിടിപ്പുള്ള ഒരു മുതലുണ്ട്‌. അപ്പുക്കുട്ടന്റെ പളുങ്കുഡപ്പിയേക്കാളും എമ്പ്രാന്‍കുട്ടിയുടെ മൌത്ത്‌ ഓര്‍ഗനേക്കാളും മുന്തിയതാണ്‌ എന്റെ മൂങ്ങ. അതേയ്‌, കൊളമ്പില്‍നിന്നു കൊണ്ടുവന്നതാണ്‌!
റബ്ബര്‍ മൂങ്ങയ്‌ക്ക്‌ രണ്ടു വിശേഷതകളുണ്ട്‌. അടിഭാഗത്തെ കുറ്റി അമര്‍ത്തിയാല്‍ അതിന്റെ വയര്‍ തുറക്കും. വയറിന്നകത്ത്‌ പതുപതുപ്പുള്ള ഒരു കൊച്ചു കുഷ്യന്റെ മുകളില്‍ കടും നീലനിറത്തിലുള്ള, ഒരു ചെറിയ കുപ്പി. അതില്‍ സെന്റായിരുന്നു! അടപ്പു തുറന്നാല്‍ അരിമുല്ലപ്പൂക്കളുടെ മണം ക്ലാസ്സുമുഴുവന്‍ വ്യാപിക്കും. പെണ്‍കുട്ടികളിരിക്കുന്ന ബഞ്ചില്‍നിന്ന്‌ പിറുപിറുപ്പുകള്‍ കേള്‍ക്കാം.
``
ആ കുട്ടീടെ കയ്യിലാ...!''

Saturday 17 February 2018

വാസനാവികൃതി -വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍

1891 ല്‍ എഴുതപ്പെ‌ട്ട വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥയായി കരുതപ്പെ‌ടുന്നത്.വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരാണ് ഈ ചെറുകഥ എഴുതിയത്.
                                               വാസനാവികൃതി

Download PDF

 രാജശിക്ഷ അനുഭവിച്ചിട്ടുള്ളതിൽ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല. എന്നെക്കാൾ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാൻ പറയുന്നത്. എന്നാൽ എന്നെപ്പോലെ വിഡ്‌ഢിത്തം പ്രവർത്തിച്ചു ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവർ ചുരുക്കമായിരിക്കും. അതാണ് ഇനിക്കു സങ്കടം. ദൈവം വരുത്തുന്ന ആപത്തുകളെ അനുഭവിക്കുന്നതിൽ അപമാനമില്ല. അധികം ബുദ്ധിയുള്ള പോലീസ് ഉദ്യോഗസ്ഥന്മാരാൽ തോൽപ്പിക്കപ്പെടുന്നതും സഹിക്കാവുന്ന സങ്കടമാണ്. താൻ തന്നെ ആപത്തിനുള്ള വല കെട്ടി ആ വലയിൽ ചെന്നുചാടുന്നത് ദുസ്സഹമായിട്ടുള്ളതല്ലേ? എന്നുമാത്രമല്ല കുടുങ്ങുന്ന ഒരു കെണിയാണെന്ന് ബുദ്ധിമാന്മാരായ കുട്ടികൾക്കുകൂടി അറിയാവുന്നതായിരുന്നാൽ പിന്നെയുണ്ടാകുന്ന സങ്കടത്തിന് ഒരതിരും ഇല്ല. ഇതാണ് അവമാനം അവമാനം എന്നു പറയുന്നത്.

സ്വാഗതം

മലയാള ചെറുകഥാ ലോകത്തേക്കുള്ള ഒരു കവാടമാണ് ഈ ബ്ലോഗ് . കവിതകള്‍ക്കായി ധാരാളം ബ്ലോഗുകള്‍ നിലവിലുണ്ടെങ്കിലും ചെറു കഥകള്‍ക്കായി മലയാളത്തില്‍ അത്തരം സൗകര്യങ്ങള്‍ കുറവാണെന്നു തോന്നുന്നു. സാഹിത്യ വിദ്യാര്‍ഥികള്‍ക്കും അധ്യാപകർക്കും മലയാളത്തിലെ പ്രശസ്തമായ ചെറു കഥകളെ  പരിചയപ്പെടുത്തലാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം. ഇന്റര്‍നെറ്റില്‍ പല ഇടങ്ങളിലായി ചിതറിക്കിടക്കുന്ന കഥകളെ ഒന്നിച്ച് ഒരിടത്ത് എത്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഓഡിയോ,വീഡിയോ, പിഡിഎഫ്, ടെക്സ്റ്റ്  തുടങ്ങി വിവിധ രൂപങ്ങളില്‍ ലഭ്യമായ  കഥകളെ തിരഞ്ഞ് കണ്ടെത്താനുള്ള സൗകര്യം ഇവിടെയുണ്ടായിരിക്കും. വാളെടുത്തവരെല്ലാം  വെളിച്ചപ്പാട് ആകുന്ന ഈ കാലത്ത് ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും വരുന്ന പൈങ്കിളി കഥകള്‍ക്ക് ഇവിടെ ഇടമില്ല. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥകളുടെ ഗൗരവമേറിയ വായനയാണ് ഈ ബ്ലോഗുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ള്‍പ്പെടുത്താവുന്ന കഥകള്‍ ടെക്സ്റ്റ് ,പിഡിഎഫ് ,ഓഡിയോ ,വീഡിയോ തുടങ്ങി ഏതെങ്കിലും രൂപങ്ങളില്‍അയച്ചു തരികയോ ലിങ്കുകള്‍ നല്‍കുക ചെയ്താല്‍ അവയും ഇവിടെ ഉള്‍പ്പെടുത്താവുന്നതാണ്.